തിരുവനന്തപുരം: രക്തസാക്ഷികളുടെ ഫണ്ട് തിരിമറി നടത്തുന്ന പാർട്ടിയാണ് സിപിഎമ്മെന്ന ജില്ലാ കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ മറുപടി പറയുന്നതിനുപകരം അത് വെളിപ്പെടുത്തിയ വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയാണ് സിപിഎം ചെയ്തത്. കൂടാതെ കുഞ്ഞികൃഷ്ണനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പത്രസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഈ വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ തയാറാകുന്നില്ല.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. കരുവന്നൂർ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഎം പാർട്ടിയെ 69-ാം പ്രതിയായി പട്ടികയിൽ ചേർത്തത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. ഇതിൽ സിപിഎം നേതൃത്വം മറുപടി പറയണം. സാന്പത്തിക കാര്യങ്ങളിൽ സിപിഎം എവിടെ നിൽക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
ശബരിമല സ്വർണക്കൊള്ളയിലും പ്രതികളെ സംരക്ഷിക്കാനാണ് സിപിഎം ശ്രമം. സ്വർണക്കൊള്ള കേസിൽ പ്രിയങ്കാ ഗാന്ധി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ വയനാട് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത് പ്രതികളായ സിപിഎമ്മുകാരെ സംരക്ഷിക്കാനാണ്.
ഗൂഢാലോചനയിലൂടെ സ്വർണക്കൊള്ള നടത്തി ജയിൽ കഴിയുന്ന സിപിഎം നേതാക്കളുടെ ആസ്ഥാനത്ത് ബിജെപി പ്രതിഷേധം നടത്തുന്നില്ല. പ്രതികളായ സിപിഎം നേതാക്കളെ കുറിച്ച് ബിജെപിക്ക് ആക്ഷേപമില്ല. പ്രിയങ്കാ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരേയാണ് ബിജെപിക്ക് പരാതി. അത് എന്ത് അടിസ്ഥാനത്തിലാണെന്ന് ബിജെപി നേതൃത്വം മറുപടി പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.